05:05pm 27 November 2026
NEWS
പത്രപ്രവർത്തകൻ ആരാണ്? മാധ്യമപ്രവർത്തകരുടെ സംരക്ഷണപരിധി പരിശോധിക്കാൻ സുപ്രീം കോടതി.
27/11/2026  01:14 PM IST
കേരളശബ്ദം ന്യൂസ്‌ ബ്യുറോ
പത്രപ്രവർത്തകൻ ആരാണ്.. മാധ്യമപ്രവർത്തകരുടെ സംരക്ഷണപരിധി പരിശോധിക്കാൻ സുപ്രീം കോടതി


ന്യൂഡൽഹി:     പൊതുപ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് പോലീസ് നടപടികളിൽനിന്ന് ലഭിക്കേണ്ട നിയമപരമായ സംരക്ഷണത്തിന്റെ പരിധി പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. പത്രപ്രവർത്തന സ്വാതന്ത്ര്യവും പൊതുസമാധാനം ഉറപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും തമ്മിലുള്ള സന്തുലിതാവസ്ഥ സംബന്ധിച്ച നിർണായക ചോദ്യങ്ങളാണ് കോടതി പരിഗണിക്കുന്നത്.
ഒക്ടോബറിൽ ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഏഴ് മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന ആരോപണമാണ് കേസിന് ആധാരം. കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
മാധ്യമപ്രവർത്തകർ ഔദ്യോഗിക കൃത്യനിർവഹണത്തിലായിരിക്കെ അവരെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് വാദിച്ചു. എന്നാൽ മാധ്യമപ്രവർത്തകരെ തടങ്കലിൽ വെച്ചതല്ലെന്നും പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
പ്രതിഷേധസ്ഥലത്തുനിന്ന് മാധ്യമപ്രവർത്തകരെ മാറ്റുന്നത് അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തെയും എങ്ങനെ ബാധിക്കുമെന്ന കാര്യം പരിശോധിക്കുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. സംഘർഷാവസ്ഥയുള്ള സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട സംരക്ഷണവും പൊതുക്രമം നിലനിർത്താനുള്ള പോലീസിന്റെ ഉത്തരവാദിത്വവും ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
(ആരാണ് യഥാർഥ മാധ്യമപ്രവർത്തകൻ?)
വാദത്തിനിടെ സുപ്രീം കോടതി പ്രധാനമായും ഉയർത്തിയ ചോദ്യം മാധ്യമപ്രവർത്തകൻ എന്ന പദവിക്ക് ആരാണ് അർഹൻ എന്നതായിരുന്നു. മാധ്യമപ്രവർത്തകരുടെ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിന് മുമ്പ് അവരുടെ നിർവചനം വ്യക്തമാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
രജിസ്റ്റർ ചെയ്ത പത്രങ്ങളിലോ ടെലിവിഷൻ ചാനലുകളിലോ ഓൺലൈൻ വാർത്താ സ്ഥാപനങ്ങളിലോ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലൂടെ സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിക്കുന്നതിലൂടെ മാത്രം ലഭിക്കുന്നതല്ലെന്നും അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്കും ലഭിക്കണമെന്നില്ലെന്നും ജസ്റ്റിസ് ബാഗ്ചി അഭിപ്രായപ്പെട്ടു.
(പോലീസിന് പ്രത്യേക മാർഗനിർദേശം വേണം)
പൊതുപ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് പോലീസ് എങ്ങനെ പെരുമാറണമെന്നതിന് വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി.) വേണമെന്ന ആവശ്യവും കോടതിയിൽ ഉയർന്നു. മുതിർന്ന അഭിഭാഷകൻ രാജീവ് ഷക്ധറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മാധ്യമപ്രവർത്തകരുടെ പദവി, അവർ നിർവഹിക്കുന്ന ജോലി, സാഹചര്യങ്ങളുടെ സ്വഭാവം എന്നിവ പരിഗണിച്ച് പോലീസ് ഇടപെടലിന് വ്യത്യസ്ത മാനദണ്ഡങ്ങൾ നിശ്ചയിക്കാമെന്ന സൂചനയും കോടതി നൽകി.
അതേസമയം, മാധ്യമപ്രവർത്തകരുടെ പരാതികളിൽ അന്തിമ തീരുമാനമെടുക്കാതെ, ഹർജിക്കാർ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതാന്വേഷണം നടത്താൻ കോടതി നിയോഗിച്ച സമിതിയോട് നിർദേശിച്ചു. സമാനമായ കേസുകളിൽ ഉൾപ്പെട്ട മറ്റ് മാധ്യമപ്രവർത്തകരുടെ പരാതികളും സമിതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.
പൊതുപ്രതിഷേധങ്ങൾ, മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ, വ്യാപാരികളുടെ പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പ്രത്യേകം പരിഗണിക്കാനും കോടതി തീരുമാനിച്ചു.
പത്രപ്രവർത്തന സ്വാതന്ത്ര്യം, അഭിപ്രായപ്രകടനത്തിനുള്ള അവകാശം, സമാധാനപരമായി ഒത്തുചേരാനുള്ള മൗലികാവകാശം എന്നിവയുടെ സംരക്ഷണത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മാധ്യമപ്രവർത്തകൻ എന്ന പദവിയുടെ നിയമപരമായ നിർവചനത്തിനും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള പോലീസ് സംരക്ഷണത്തിനും പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img